ആലപ്പുഴയും, ആനവണ്ടിയും ഗവി യാത്രയും !

 "My Monsoon Memmories"

നവണ്ടിയും ഗവി യാത്രയും !


    ശബരിമല തീർത്ഥാടനം പൂർത്തിയാക്കി തിരിച്ചു വീട്ടിൽ വന്ന ശേഷവും എന്റെ മനസ്സിൽ നിലയ്ക്കൽ-പമ്പ (KSRTC) ചെയിൻ സർവീസിൽ പോയ അനുഭവം മായാതെ കിടന്നു.അങ്ങനെ ആണ് ഇനി ഉള്ള എന്റെ യാത്രകൾ ആനവണ്ടിയിൽ മതി എന്ന തീരുമാനത്തിൽ ഞാൻ എത്തിയത്.

    പക്ഷെ ആനവണ്ടി ട്രിപ്പ് തുടങ്ങുന്നതിനു മുമ്പായിട്ട് ഒരു പരമ്പരാഗത ക്ഷേത്രം കൂടി സന്ദർശിക്കാൻ തീരുമാനിച്ചു.ശബരിമല ദർശനം കഴിഞ്ഞു മടങ്ങി എത്തിയ അടുത്ത ദിവസം തന്നെ രാവിലെ കുളിച്ച് ഒരുങ്ങി വണ്ടി എടുത്തു ഞാൻ അമ്പലപ്പുഴ ശ്രീ കൃഷ്ണ ക്ഷേത്രത്തിലേക്ക് ഗൂഗിൾ മാപ്പ് ഇട്ട് പുറപ്പെട്ടു.രാവിലെ നട അടയ്ക്കുന്നതിന് മുൻപ് എത്താൻ ആയി ഒരുവിധം നല്ല വേഗത്തിൽ തന്നെ ആണ് വണ്ടി ഓടിച്ചത്‌.

    വീട്ടിൽ നിന്ന് പുറപ്പെട്ട് ,കോഴഞ്ചേരി-തിരുവല്ല-എടത്വ വഴി ചക്കുളത്തു കാവ് ക്ഷേത്രം വരെ ഞാൻ എത്തി.ഇവിടെ കയറിയാൽ അമ്പലപ്പുഴ എത്തിപ്പെടാൻ താമസിക്കും ,അതുകൊണ്ട് നിർത്താതെ നേരെ വണ്ടി അമ്പലപ്പുഴയിലേക്ക് വിട്ടു.പോസിറ്റീവ് എനർജി എന്നതിലുപരി ഇവിടെ വന്നു തലയെടുപ്പുള്ള ആ അമ്പലപ്പുഴ രാമചന്ദ്രന്റെ പ്രതിമ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.കൂടെ മാതാപിതാക്കളും, ഭാര്യയും കുട്ടിയും ഇല്ലാതെ ഒറ്റക്ക് ഇവിടെ വന്നത് കൊണ്ട് അവരെ നന്നായിട്ട് മിസ്സ് ചെയ്തു.

ഭഗവാന്റെ നിവേദ്യ സമയം ആയത് കൊണ്ട് കുറച്ച് കാത്തിരുന്ന ശേഷം ഭഗവാനെ തൊഴുതു  തൃക്കൈവെണ്ണയും ത്രിമധുരവും വാങ്ങി ഞാൻ അമ്പലക്കുളത്തിലേക്ക് നീങ്ങി. കുളത്തിലെ മീനുകളെ നോക്കി കുറച്ച് നേരം അവിടെ ഇരുന്നു.അപ്പോൾ ഖത്തറിൽ കൂടെ ജോലി ചെയ്യുന്ന ഇമ്മാനുവൽ അച്ചായൻ എന്നെ വിളിച്ചു ആലപ്പുഴ ബോട്ട് ജെട്ടിയിൽ പോയാൽ ഒരു മണിക്കൂറിനു 60 രൂപയ്ക്ക് ബോട്ടിംഗ് പൊകാൻ ഉള്ള ഐഡിയ പറഞ്ഞ്‌ തന്നു.അങ്ങനെ ഞാൻ അമ്പലപ്പഴ നിന്ന് ആലപ്പുഴ ബോട്ട് ജെട്ടിക്ക് വിട്ടു.

ആലപ്പുഴ

 ആലപ്പുഴ ജെട്ടിയിൽ വന്നു ഉച്ചയൂണ്  കഴിച്ച ശേഷം ഞാൻ കുട്ടനാട് കൈനകിരി പോകുന്ന ബോട്ടിനു ടിക്കറ്റ് എടുത്തു ബോട്ടിന്റെ മുകളിലത്തെ നിലയിൽ കയറി ഇരുന്നു.

ഇമ്മാനുവേൽ അച്ചായന്റെ ഐഡിയ അപാരം തന്നെ ,ആയിരങ്ങൾ കൊടുത്തു "House ബോട്ട്" എടുക്കേണ്ട ഇടത്തു വെറും 60 രൂപയ്ക്ക് അന്തസ്സായിട്ടുള്ള ബോട്ട് യാത്ര. ചെറിയ മഴയും, കാറ്റും, തണുപ്പും ഉള്ള വൈകുന്നേര സമയത്തെ ബോട്ട് യാത്രയിൽ കുട്ടനാട്ടിലെ ഓരോ ബോട്ട് സ്റ്റോപ്പിലും നിർത്തി നിർത്തി അവിടത്തെ ജനങ്ങളിൽ ഒരാളെ പോലെ ഞാൻ യാത്ര ചെയ്തു. SCHOOL വിട്ട ടൈം ആയപ്പോൾ ബോട്ട് School കുട്ടികളെ കൊണ്ട് നിറഞ്ഞു. അതുവരെ നിശബ്ദമായിരുന്ന ബോട്ട് പെട്ടെന്ന് കുട്ടികളുടെ ശബ്ദം കൊണ്ട് ആക്റ്റീവ് ആയി. അവിടത്തെ മീൻ പിടുത്തക്കാരെയും , കായലോര കച്ചവടക്കാരെയും, പ്രൈവറ്റ് ബോട്ടിലെ വിദേശികളെയും ഒക്കെ, കൈ കാണിച്ചും, ഫോട്ടോസ് എടുത്തും  ഞാനും കുട്ടികളും ജോളി ആയിട്ട് കൈനകരി വരെ എത്തി.കൈനകിരി നിന്ന് തിരികെ ആലപ്പുഴയ്ക്കും നല്ല തിരക്ക് ഉണ്ടായിരുന്നു.


Boating  കഴിഞ്ഞു തിരികെ എത്തിയപ്പോൾ എനിക്ക് ആലപ്പുഴ Light House കാണാൻ തോന്നി വണ്ടി അങ്ങോട്ടേക്ക് വിട്ടു.ആ സമയം കൊണ്ട് ആലപ്പുഴയിലെ ട്രാഫിക്കിൽ പെട്ട് കുടുങ്ങി പോയി.ഒരു വിധത്തിൽ ലൈറ്റ് ഹൌസ് എത്തിപ്പെട്ട ഞാൻ ആദ്യം ഓടി കയറിയത് ലൈറ്റ് ഹൗസിലെ ടോയിലറ്റിലേക്കാണ്.കോവളം ലൈറ്റ് ഹൌസ് ഒക്കെ വച്ച് Compare ചെയ്ത നോക്കുമ്പോൾ ആലപ്പുഴ ലൈറ്റ് ഹൌസ് എനിക്ക് അത്രക്കങ്ങട് പിടിച്ചില്ല.കൂടാതെ ലൈറ്റ് ഹൗസിൽ ഉണ്ടായിരുന്ന ഫാമിലികൾ ഒന്നും നമ്മളെ മൈന്റ് ചെയ്യാതെ ഇരുന്നത് കൊണ്ട് ഞാൻ പതിയെ വീട്ടിലേക്ക് തിരിച്ച് പോകാൻ തീരുമാനിച്ചു.

    ആലപ്പുഴ-കായംകുളം-ഹരിപ്പാട്-മാവേലിക്കര-പന്തളം റൂട്ടിൽ വീട്ടിൽ തിരികെ എത്തി 'അമ്മ ഉണ്ടാക്കി തന്ന ചൂട് ദോശ കഴിച്ചിട്ട് ഞാൻ സുഗമായിട്ടു കിടന്ന് ഉറങ്ങി. ആനവണ്ടി യാത്രക്ക് വേണ്ടി രാവിലെ തന്നെ കൈയിൽ ഉണ്ടാരുന്ന ഷൈനിലിന്റെ വണ്ടി (Wagon R)  ഞാൻ തിരികെ കൊടുത്തു.

ഇനി ആന വണ്ടി വിശേഷങ്ങൾ.


    ഞായറാഴ്ച്ച ദിവസം രാവിലെ അഞ്ച്‌ മണിക്ക് തന്നെ ആനവണ്ടി യാത്രയ്ക്ക് ഞാൻ റെഡി ആയി വീട്ടിൽ നിന്നും ഇറങ്ങി. പത്തനംതിട്ട പുതിയ KSRTC ബസ് സ്റ്റാന്റ് അന്നാണ് പൂർണ്ണമായി തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്.അവിടെ കഫെ കുടുംബശ്രീ ഹോട്ടലിൽ ചെന്ന് അപ്പവും മുട്ട റോസ്റ്റും ചായയും കഴിച്ച് ഞാൻ ഗവി  ബസ് അന്വേഷിച്ച് നടന്നു.



    ഗവി ബസ് കണ്ടപ്പോൾ  'കുട്ടി മാമാ, ഞാൻ ഞെട്ടി മാമാ'.ബസ്സിൽ ഒരു 78 പേർ തിങ്ങി നിറഞ്ഞു നിൽക്കുന്നു , ഫുട്‍ബോർഡിൽ പോലും നിക്കാൻ ഗാപ്പ് ഇല്ലാത്ത മാതിരി തിരക്ക്.ഗവിക്ക് പോകാൻ 20 പേര് ഇനിയും കാത്ത് നിക്കുന്നുണ്ട്. 6.30 ക്ക് പുറപ്പെടേണ്ട ബസ്സ് തിരക്ക് കാരണം പുറപ്പെട്ടില്ല.ആരും തിരക്ക് കണ്ട് പിന്മാറാൻ തയ്യാറല്ല താനും. എല്ലാർക്കും ഗവി ഇന്ന് തന്നെ കാണണം.കുറച്ച് പേരോട് സ്ഥലം ചോദിച്ച് മനസ്സിലാക്കിയപ്പോൾ നല്ലൊരു പങ്കും മലപ്പുറം, തിരൂർ ,കോഴിക്കോട് നിന്ന് ട്രെയിനിൽ വന്ന്  ഗവി കാണാൻ വന്നവരാണ്.ഞാനും വിട്ട് കൊടുക്കാൻ തയ്യാറല്ല.

    ബസ്സ് എടുത്തപ്പോൾ ഒരു കുപ്പി വെള്ളം വാങ്ങിച്ചു ഞാനും ഫുട്‍ബോർഡിൽ ചാടി കയറി ഇടം പിടിച്ചു.കൊറോണ സീസണ് ശേഷം ഇത് പോലെ തിങ്ങി നിറഞ്ഞ ബസ്സിൽ ഉള്ള യാത്ര ഇത് ആദ്യമായിട്ടാണ്. യാത്രക്കാരിൽ ഭൂരിഭാഗവും ഫ്രീക്കന്മാരും, ബാക്കി ഒക്കെ കോഴിക്കോട് നിന്നുള്ള  സർക്കാർ ജീവനക്കാരുമായിരുന്നു. എല്ലാവരെയും പരിചയപെട്ടു ഞങ്ങൾ ഒരു ഫോറസ്ററ് വൈബിൽ യാത്ര തുടങ്ങി.ബസ്സ് കാശ് മുതലാകണം എങ്കിൽ മിനിമം രണ്ട് കാട്ട്  പോത്തും ഒരു ആനയും കാണണം എന്ന് ചിലർ പറയുന്നത് കേട്ടു.

    തിങ്ങി നിറഞ്ഞ ബസ്സിൽ ആണെങ്കിലും എല്ലാരും ത്രില്ല് അടിച്ച് ആണ് ഇരിക്കുന്നത്.എനിക്ക് ഇത് ഒരു പുതിയ വൈബ് ആയിട്ട് തോന്നി.എല്ലാവരുടെയും കാമറ കണ്ണുകൾ ആനയെയും മൃഗങ്ങളെയും സ്കാൻ ചെയ്ത കൊണ്ട് ഇരുന്ന്. ഒരു കോഴിയെ കണ്ടാൽ പോലും "ദേ ഒരു കാട്ട് കോഴി" എന്ന് പിള്ളേർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കോമഡി അടിച്ച് കൊണ്ടിരുന്നു.

   യാത്ര തുടങ്ങി ഞങ്ങൾ ആങ്ങമൂഴി വരെ എത്തി,വണ്ടി ആങ്ങമൂഴിയിൽ കഴിക്കാൻ നിർത്തി.ഇപ്പോൾ ആങ്ങമൂഴി Ecotourism നല്ല പോലെ Trend ആയിക്കൊണ്ടിരിക്കുന്നു. ഇവിടെ കുട്ടവഞ്ചി സവാരിയും ട്രെക്കിങ്ങും ഒക്കെ ഉണ്ട്. ഞാൻ ആങ്ങമൂഴി പാലത്തിൽ ഇറങ്ങി കുറച്ച് ഫോട്ടോസ് എടുത്തു. ഒരു ചങ്കിനെ  കിട്ടിയപ്പോൾ ബസ്സിന്റെ മുമ്പിൽ നിന്ന് ഒരു "Portrait" ഫോട്ടോ എടുത്തു.ഫോട്ടോസ് എടുക്കുകയും Whatsapp ഇൽ അപ്പോൾ തന്നെ Status ഇടുകയും ആരുന്നു എന്റെ അന്നത്തെ വിനോദം.


ഞങ്ങൾ യാത്ര തുടർന്ന്  കാട്ടിലൂടെ വേഴാമ്പലിനേയും , കാട്ട്പൊത്തിനെയും, കരിങ്കുരങ്ങിനെയും ഒക്കെ കണ്ട്  ആനവണ്ടി യാത്ര ആസ്വദിക്കുകയും അതേ സമയം  ഈ ദിവസം നൽകിയ ജഗതീശ്വരനോട് നന്ദി പറയുകയും , കാട് പ്രകൃതി ഇത്ര മനോഹരമായ സ്ഥലങ്ങൾ ഇത് പോലെ തന്നെ സൂക്ഷിക്കേണ്ട കടമ നമുക്കുണ്ട് എന്ന് എല്ലാരേയും ഓർമ്മപെടുത്തണം എന്ന് തോന്നി.
ഓരോ മൃഗത്തെ കാണുമ്പോളും ഞങ്ങൾ  ഒച്ച വെച്ച് വണ്ടി നിർത്താൻ പറയുമ്പോൾ ബസ്സ് ഡ്രൈവറും സഹകരിച്ച് തന്നു. രാവിലെ ആനയെ കാണാൻ സാധ്യത വളരെ കുറവാണെന്നും തിരിച്ച് കുമിളിയിൽ നിന്നുള്ള മടക്കയാത്രയിൽ  വൈകിട്ട് 3 മണിക്ക് ശേഷം ആണെങ്കിൽ ആനയെ സ്ഥിരം കാണാറുള്ളതാണ് എന്ന് ബസ്സ് കണ്ടക്ടർ പറഞ്ഞു.

അങ്ങനെ വണ്ടി കക്കി ഡാമിലെ വ്യൂ പോയിന്റിൽ എത്തി. അവിടെ ഇറങ്ങി കുറച്ച് നേരം ഡാമിന്റെ വ്യൂ കണ്ട് ഞങ്ങൾ കുറേ വീഡിയോസ് ഒക്കെ എടുത്തു. ബസ്സ് കണ്ടക്ടർ ഞങ്ങളോട് കാട്ടിലേക്ക് ഇറങ്ങരുത്,അട്ട ശല്യം ഉണ്ട് എന്ന് മുന്നറിയിപ്പ് നൽകി. അവിടെയുള്ള പോലീസുകാർ കഴിഞ്ഞയാഴ്ച ഡാമിൽ  കടുവയെ കണ്ടതായും ക്യാമറയിൽ അത് പതിഞ്ഞതായും അറിയിച്ചു. അത്കൊണ്ട് റോഡിന് പുറത്തേക്ക് പോകരുതെന്ന് പോലീസ്  ഞങ്ങളോട് ആവശ്യപ്പെട്ടു.


കക്കി ഡാം കഴിഞ്ഞ് അടുത്തുള്ള ഒരു ജനവാസ മേഖല കൊച്ചുപമ്പ ആണ്.വണ്ടി കൊച്ചു പമ്പയിൽ എത്തിയാൽ അവിടെ നിന്ന് കുറച്ച് കർഷകരും കുറച്ച് നാട്ടുകാരും കുമിളിക്ക് സാധനങ്ങൾ വാങ്ങാൻ പോകാൻ ആയിട്ട് ബസ്സിൽ കയറും, അവർക്ക് കയറാൻ സ്ഥലം കൊടുക്കണം എന്ന്  കണ്ടക്ടർ പറഞ്ഞു. അവർക്കു വേണ്ടിയുള്ള ബസ്സ് സർവീസ് ആണ് ഇത്. ട്രിപ്പ് പോകാൻ ഉള്ള പാക്കേജിൽ ഉൾപ്പെട്ട വണ്ടിയല്ലാത്തത് കൊണ്ട് നാട്ടുകാർക്ക് ആണ് മുൻഗണന. അങ്ങനെ വണ്ടി കൊച്ചു പമ്പയിൽ എത്തി,അവിടെ കുറച്ചു കടകളും കുറേ  വീടുകളും ഒക്കെ ഉണ്ട്.കൃഷി സ്ഥലങ്ങളും, ഏലക്കാ തോട്ടവും ഒക്കെ ഉണ്ട്. ഇവിടെ കാട്ട്പന്നിയും, ആനയും സ്ഥിരം കൃഷി നാശം വരുത്തുന്നത് ഞാൻ പലപ്പോഴും പത്രത്തിൽ വായിച്ചിട്ടുണ്ട്.


    കൊച്ചു പമ്പയിൽ ഒരു ഡാമും ചെറിയ ബോട്ടിംഗ് പരിപാടിയും ഗവിയിലേക്ക് ജീപ് സർവീസ് ഒക്കെ ഉണ്ട്.കുറച്ച് വിനോദ സഞ്ചാരികൾ കൊച്ചുപമ്പയിൽ ഇറങ്ങി. അവർ ഗവിയിൽ ഒരു ടോപ് സ്റ്റേഷനല്ലാതെ കാണാൻ ഒന്നുമില്ല എന്നൊക്കെ പറഞ്ഞു നെഗറ്റീവ് അടിക്കാൻ നോക്കി.എനിക്ക് ഗവി കാണണം എന്നതിലുപരി യാത്ര ചെയ്തോണ്ടിരിക്കണം എന്ന ആഗ്രഹം ആയത് കൊണ്ട് വണ്ടി പോകുന്ന വരെ പോകട്ടേ എന്ന് പറഞ്ഞു ബസ്സിൽ ഇരുന്നു.അങ്ങനെ കുറച്ച് കൂടി ഉൾവനത്തിലേക്ക് ഞങ്ങൾ പോയി.അപ്പോൾ കാട്ട് പോത്തുകളുടെ ഒരു കൂട്ടം കുന്നിനു മുകളിലേക്ക് നടന്ന് പോകുന്നത് കണ്ടു.ബസ്സ് കണ്ടക്ടർ ഇവിടെ വരയാടുകൾ ഉണ്ട് ആനയുണ്ടെന്നൊക്കെ പറഞ്ഞെങ്കിലും ഒന്നിനെയും കാണാൻ പറ്റിയില്ല. കുറച്ച് കുരങ്ങ് മാത്രം ഇടയ്ക്കിടയ്ക്ക്  വന്ന് പൊയ്ക്കൊണ്ടിരുന്നു.

Snap Taken by @renjithisback from Kakki Reservoir: iPHone13 Pro 


   ബസ്സ്  ഗവി എത്തി,അവിടെ ഗവി Ecotourism വക ഒരു Garden ഉണ്ട്.ഞാൻ ഇറങ്ങിയപ്പോൾ ചാറ്റ  മഴ തുടങ്ങി.പെട്ടെന്ന് മഴ പെയ്താൽ കയറി നിക്കാൻ ആയിട്ട്  ഒരു കട പോലുമില്ലാത്ത കൊണ്ടും , മഴയത്തു  ടോപ് സ്റ്റേഷൻ നടന്ന് കയറാൻ ഉള്ള ബുദ്ധിമുട്ട് മുന്നിൽ കണ്ട് കൊണ്ടും ഞാൻ ബസ്സിൽ തന്നെ തിരിച്ചു കയറി വണ്ടിപ്പെരിയാറിൽ ഇറങ്ങാൻ തീരുമാനിച്ചു. വണ്ടി ഗവി കഴിഞ്ഞു മുന്നോട്ട് പോയപ്പോൾ ബസ്സിലുണ്ടാരുന്ന 7 -8 പേരുടെ കാലിൽ അട്ട കയറിയത് ശ്രദ്ദയിൽ പെട്ടു.കണ്ടക്ടർ ഉടനെ ഒരു സാനിറ്റൈസർ കൊണ്ട് വന്ന് സ്പ്രേ ചെയ്തപ്പോൾ  അട്ട ചുരുണ്ട് വീണു. ഞാൻ ഷു ഇട്ടത് കൊണ്ടാവാം, അട്ട കയറിയില്ല.

    Driver ഗവി കഴിഞ്ഞ് നല്ല വേഗത്തിൽ വണ്ടി കൊണ്ട് വണ്ടിപ്പെരിയാർ വരെ എത്തിച്ചു.ഇടയ്ക്ക് ശബരിമല മകരവിളക്ക് സമയത്തു ഒരുപാട് പേര് സഞ്ചരിക്കുന്ന "പുല്ലുമേട്" പോകുന്ന പാത കണ്ടക്ടർ കാണിച്ചു തന്നു. ഞാനും പുള്ളിയോട് രണ്ട് ദിവസം മുമ്പ് മഴയത്തു ശബരിമല പോയ കഥയൊക്കെ പറഞ്ഞു.ബസ്സ് വണ്ടിപെരിയാറിൽ വന്നതും എനിക്ക് നല്ല വിശപ്പ് ആയി.ഞാനും ഒന്ന് രണ്ട് പേരും അവിടെ ഇറങ്ങി നല്ല ബിരിയാണി കിട്ടുന്ന കട തപ്പി നടന്നു."പട്ടാളക്കാരന്റെ തട്ട് കട" എന്ന പേരിൽ ഒരു ചെറിയ കട അവിടെ കണ്ടു. അവിടെ കയറി ഒരു ചിക്കൻ ബിരിയാണി കഴിച്ചു.


"പീരുമേട് വഴി പരുന്തുംപാറ"


തട്ട് കടയിൽ നിന്ന് തരക്കേടില്ലാത്ത ബിരിയാണി കഴിച്ച ശേഷം അവിടെ കണ്ട ഒരു ഫ്രീക്ക് ചങ്കിനോട് ഇവിടെ കാണാൻ പറ്റിയ വേറേ സ്ഥലത്തെ പറ്റി ഞാൻ തിരക്കി.അങ്ങനെ "പരുന്തുംപാറ" പോകാൻ ഉള്ള ഐഡിയ കിട്ടി,അപ്പോൾ തന്നെ അവിടേക്ക് ഉള്ള Bus Route ചോദിച്ചു മനസ്സിലാക്കിയ ശേഷം പീരുമേട് പോകുന്ന പ്രൈവറ്റ് ബസ്സ് കയറി പാമ്പനാർക്ക് അടുത്തുള്ള ഒരു കവലയിൽ ഇറങ്ങി.പാമ്പനാറിലേ തേയില തോട്ടങ്ങളിലും, പീരുമേട്ടിലെ കുന്നിലുമാണ് ദുൽഖർ സൽമാന്റെ "ചാർളി" (Charlie) സിനിമ ഷൂട്ട് ചെയ്തത്.മനോഹരമായ തേയില തോട്ടങ്ങൾ കണ്ടിട്ട് ആ കവലയിൽ നിന്ന് ഒരു ഓട്ടോ പിടിച്ച് ഞാൻ പരുന്തുംപാറ വരെ എത്തി.ഞായറാഴ്ച്ച ദിവസമായത് കൊണ്ട് ഇവിടെ നല്ല തിരക്കായിരുന്നു.കോട മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന കുന്നുകളും,തണുത്ത കാറ്റും എന്നിലെ പ്രകൃതി സ്നേഹിയെ സംതൃപ്തി  പെടുത്തി.ഈ സ്ഥലത്തെ നമുക്ക് "Couples Hotspot" എന്ന് വേണമെങ്കിൽ വിളിക്കാം. Couple ആയിട്ട് ബൈക്കിൽ എത്തുന്നവരുടെ തിരക്കാണ് കുടുതലും.

    ഞാൻ വ്യൂ പോയിന്റ് നോക്കി നടന്നു കുന്നിനു മുകളിൽ വലിഞ്ഞു കയറിയപ്പോൾ, നല്ല കാലു വേദന അനുഭവപ്പെട്ടു, ചെറിയ അണപ്പും ശ്വാസം തടസ്സം ഒക്കെ വന്നപോലെ തോന്നി. ഞാൻ ഒന്നും വക വച്ചില്ല, 20 രൂപയുടെ കപ്പലണ്ടി വാങ്ങി കൊറിച്ച് കൊണ്ട് ധൈര്യം സംഭരിച്ച് ഞാൻ നീങ്ങി.ഒരുപാട് ഫാമിലിയും കൊച്ച് പിള്ളാരും അവിടെ ആ കാറ്റത്തു പട്ടം പറത്തി കളിച്ചുകൊണ്ടിരുന്നു.

Snap Taken by @renjithisback from Parumthumpara HillTop in iPhone13pro

ഇത് പോലൊരു Ambience il വന്നിരുന്നാൽ ജീവിതത്തിലെ ഏത് പ്രശ്‌നവും ഒന്നുമില്ലാതെ പോകും, മനസ്സ് ശാന്തമാകും , ഇതൊക്കെ കാണാൻ ആയി ആണ് ദൈവം നമുക്ക് ഈ കൊറോണാ കാലത്തു ജീവൻ ബാക്കി വച്ചത് എന്ന് തോന്നിപോയ നിമിഷം.


ഞാൻ ട്രാവൽ Blog എഴുതുന്ന കാര്യം അറിഞ്ഞ എന്റെ സുഹൃത്ത് റഹീബ് എന്നോട് കഴിഞ്ഞ ദിവസം ഒരു കാര്യം ചോദിച്ചിരുന്നു. നീ എങ്ങനെ ആണ്  ഇതൊക്കെ ഓർത്തു വക്കുന്നു എന്ന്.അതിനു ഞാൻ പറഞ്ഞ മറുപടി ഇതാണ്, "എന്റെ മൊബൈൽ ഗാലയറിൽ ഉള്ള ഓരോ ചിത്രങ്ങൾക്കും ഒരു കഥ ഉണ്ട്, ജീവിതത്തിൽ മറക്കാൻ ആവാത്ത ജീവിത ഗന്ധിയായ കഥ ! 































    

Comments

Popular posts from this blog

Intro ; ആമുഖം; മൺസൂൺ യാത്രയുടെ ഓർമ്മകൾ !

ഒരു ചായ കുടിക്കാൻ ഡ്രൈവ് പോയിട്ട് 6 ദിവസത്തെ ലോങ്ങ് ട്രിപ്പ് പോയ കഥ !

Stress Relief & Nutrition